അഹമ്മദാബാദ്: ഗുജറാത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ ജീവനൊടുക്കി. ഗിർ സോമനാഥ് ജില്ലയിലാണ് സംഭവം.
അരവിന്ദ് വധേർ ആണ് മരിച്ചത്. കൊഡിനാർ താലൂക്കിലെ ദേവ്ലി ഗ്രാമത്തിലുള്ള വീട്ടിൽ അരവിന്ദ് വധേറിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ്ഐആറുമായി ബന്ധപ്പെട്ട അമിത ജോലിയും മാനസിക സംഘർഷത്തെയും തുടർന്നാണ് അരവിന്ദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
കൊടിനാറിലെ ഛാര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്നു അരവിന്ദ്. അടുത്തിടെയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലിക്കായി അരവിന്ദിനെ ബിഎൽഒ ആയി നിയോഗിച്ചത്.
ഭാര്യയ്ക്കായി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് അരവിന്ദ് എഴുതിയിട്ടുണ്ട്.
"ഇനി എനിക്ക് എസ്ഐആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. ദയവായി നമ്മുടെ മകനെ പരിപാലിക്കണം. ഈ നടപടി സ്വീകരിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല'. അരവിന്ദ് കുറിപ്പിൽ എഴുതി.
അരവിന്ദിന്റെ മരണത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഗിർ സോമനാഥ് കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എൻ.വി. ഉപാധ്യായ പറഞ്ഞു. ജില്ലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബിഎൽഒമാരിൽ ഒരാളായിരുന്നു അരവിന്ദ് എന്നും അദ്ദേഹം ഇതിനോടകം തന്നെ 40 ശതമാനത്തിലധികം ജോലി പൂർത്തിയാക്കിയെന്നും ഉപാധ്യായ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന്, സർക്കാർ പ്രൈമറി അധ്യാപകരുടെ സംഘടനയായ ഗുജറാത്ത് രാജ്യ പ്രാഥമിക് ശിക്ഷക് സംഘിന്റെ പ്രതിനിധി സംഘം ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും ബിഎൽഒമാരായി ജോലി ചെയ്യുന്ന അധ്യാപകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നിവേദനം നൽകുകയും ചെയ്തു.